ഇന്ത്യയുടെ നൂതന വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 ൻറെ വിക്ഷേപണം വിജയകരം. ഇന്ത്യൻ സമയം പുലർച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹം പറന്നുയർന്നത്.
യുറോപ്യൻ വിക്ഷേപണ വാഹനമായ ഏരിയൻ-5 വി.എ-251 റോക്കറ്റാണ് ഉപഗ്രഹത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചത്. 2005 ഡിസംബറിൽ വിക്ഷേപിച്ച ഇൻസാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30 ഒരുക്കിയിട്ടുള്ളത്.
2020ലെ ഐ.എസ്.ആർ.ഒയുടെ ആദ്യ ദൗത്യമാണിത്. 3357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിൻറെ 15 വർഷമാണ് ആയുസ്. വിസാറ്റ് നെറ്റ് വർക്ക്, ഡി.ടി.എച്ച്, ടെലിവിഷൻ ബ്രോഡ്കാസ്റ്റ് അപ് ലിങ്കിങ്, ഡി.എസ്.എൻ.ജി,
ഇൻറർനെറ്റ് സേവനങ്ങൾക്കാണ് ജിസാറ്റ് 30 ഉപഗ്രഹത്തിൻറെ സേവനം ഉപയോഗിക്കുന്നത്. ഇന്ത്യൻ ഭൂപ്രദേശങ്ങളിലും ദ്വീപുകളിലും ക്യൂ-ബാൻറ് സേവനവും ഏഷ്യയിലെ മധ്യപൂർവ മേഖലകളിലെ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ സി-ബാൻറ് സേവനവും ജിസാറ്റ് 30 വഴി ലഭ്യമാകും.