ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനുമുള്ള തീരുമാനങ്ങളാണ് നയത്തിലെ പ്രധാന ശുപാർശകള്‍.
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് മൂന്നു മാസം പിന്നിട്ടിട്ടും മദ്യ നയം പ്രഖ്യാപിക്കാതെ സർക്കാർ. ചർച്ചകള്‍ പൂർത്തിയായെന്നും ധനവകുപ്പ് അനുമതി ലഭിച്ചില്ലെന്നുമാണ് വിശദീകരണം. ബാർ ലൈസൻസ് ഫീസ് കൂട്ടുന്നതിലും പുതിയ പബ്ബുകള്‍ ആരംഭിക്കുന്നതിലും ബാർ ഉടമകളുടെ സമ്മർദ്ദമാണ് നയത്തിന്റെ അന്തിമ തീരുമാനം വൈകാൻ കാരണമെന്നാണ് സൂചന.
ഏപ്രിൽ ഒന്നു മുതലാണ് സംസ്ഥാനത്ത് പുതിയ മദ്യ നയം നിലവിൽ വരേണ്ടത്. നയപരമായ മാറ്റങ്ങളിൽ മുന്നണിയിലും ഉദ്യോഗസ്ഥതലത്തിലും തീരുമാനമെടുക്കേണ്ട സാഹചര്യങ്ങളിൽ മാത്രമാണ് നയം പ്രഖ്യാപിക്കാൻ കാലതാമാസം ഉണ്ടാകാറുള്ളത്. പക്ഷെ മൂന്നു മാസത്തോളെ വൈകുന്നത് അസാധാരണമാണ്. ബാർ ലൈസൻസ് ഫീസ് കൂട്ടാനും സ്പരിറ്റ് ഉൽപ്പാദനം സംസ്ഥാനത്ത് ആരംഭിക്കാനും കള്ള് വ്യവസായം പ്രോത്സിപ്പിക്കാനുമുള്ള തീരുമാനങ്ങളാണ് നയത്തിലെ പ്രധാന ശുപാർശകള്‍.
നികുതി വകുപ്പ് പരിശോധിച്ച ശുപാർശകള്‍ ധനവകുപ്പിന് ചീഫ് സെക്രട്ടറി കൈമാറിയെന്നും ധനവകുപ്പിന്റെ പരിശോധന തുടരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ ബാർ ഉടമകള്‍ മുന്നോട്ടുവച്ച ചില നിർദ്ദേശങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സമ്മർദ്ദമാണ് നയപ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിവരം. നിലവിൽ ബാറുകള്‍ തുറക്കുന്നത് 11 മണിക്കാണ്. നേരത്തെ തുറക്കാൻ അനുമതിവേണമെന്നാണ് ഒരു ആവശ്യം. പബ്ബുകള്‍ തുടങ്ങമെന്നാണ് മറ്റൊരു ആവശ്യം.
ബാർ ലൈൻസ് ഫിസ് കൂട്ടുന്നതിനെയും ബാറുടമകൾ എതിർക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പുതിയ ഒരു പരീക്ഷണവും വേണ്ടെന്നാണ് സർക്കാർ നിലപാട്. പാർലറുകളിലെ ബാർ നടത്തിപ്പ് ചുമതല നൽകണമെന്ന ആവശ്യം തള്ളിയതിലും ബാർസംഘടന ഭാരവാഹികള്‍ക്ക് നീരസമുണ്ട്. ലൈസൻസ് ഫീസ് കൂട്ടുന്നതില്ലെങ്കിലും അനുകൂല തീരുമാനമുണ്ടാകണമെന്ന് ബാറുടമകളുടെ ശക്തമായ ആവശ്യം. ഇതുകൂടാതെ കള്ളുഷാപ്പുകളുടെ ലേലം ഓണ്‍ലൈൻ വഴിയാക്കാനുള്ള നടപടികള്‍ വൈകുന്നതും മദ്യനയം വൈകുന്നതിന് കാരണമാകുന്നുണ്ട്. പുതിയ നയംവരുന്നതുവരെ ബാർ ലൈസൻസുകള്‍ താൽക്കാലിമായ നീട്ടി നൽകിയിരിക്കുകയാണ്.